ഇനിയും..

1 Jan

ചത്തു മലച്ചയീ അക്ഷരങ്ങള്‍
നമുക്കിടയില്‍, കരിയുറുമ്പുകള്‍ പോലെ
ഒഴുകി പരക്കുന്നതെനിക്കിഷ്ടമേയല്ല.

നോക്കൂ…
പറഞ്ഞു തീര്‍ക്കട്ടെ, ഞാനീ
യനിഷ്ടങ്ങള്‍, നാളേയ്ക്കു മുമ്പേ.

പക്ഷേ…

പ്രണയം മരിച്ച വിരല്‍ത്തുമ്പിനാലേ
നീയെന്നെയിനിയും തലോടരുത്,
സൂചിമുനയിലെന്റെ ചോര പൊടിയുന്നു.

തുടുത്തു തുളുമ്പാത്ത നെഞ്ചിലേക്കിനിയും
നീയെന്നെ ചേര്‍ത്തുവെയ്ക്കരുത്,
മഞ്ഞുകട്ടയിലെന്റെ മനസ്സിടിയുന്നു.

മരവിച്ച ചുണ്ടുകളിനിയുമെന്റെ
ചുണ്ടിലമര്‍ത്തരുത്,
ചീഞ്ഞൊരിഷ്ടം ചവര്‍ക്കുന്നെനിയ്ക്ക്.

കുറുകിയുരുമ്മുന്ന പ്രേമഗീതങ്ങളെന്റെ
കാതിലിനിയും മൂളരുത്,
ഉരുക്കിയൊഴിച്ച വാക്കെന്റെ ചെവി മൂടുന്നു.

അടുത്തടുത്ത് മനസ്സ്തൊട്ടിരിക്കുമ്പോലെ
ചേര്‍ന്നിരിക്കാനിനിയുമൊരുങ്ങരുത്,
 കെട്ട ഗന്ധമെന്റെയുള്ള് മൂടുന്നു.

കണ്ണില്‍ നോക്കി മനസ്സ് കാണാ-
നിനിയും പറയരുത്,
കനല്‍ മൂടിയ പുകയിലെന്റെ കണ്ണ് കലങ്ങുന്നു.

ഏറെ പറഞ്ഞിട്ടും ഒന്നുണ്ടി-
നിയും പറഞ്ഞു തീരാതെ,

നിന്നെയെനിക്കേറെ ഏറെയിഷ്ടം

5 Responses to “ഇനിയും..”

  1. haris edavana January 1, 2013 at 9:58 AM #

    അനിഷ്ടങ്ങളെ മൂടുമ്പോഴും ……ഇഷ്ടം ബാക്കി നിൽക്കുന്നു തീവ്രമായി തന്നെ

  2. sudharsanan padiyath January 1, 2013 at 11:53 PM #

    ellam ishtamalla ennu paranjittu inne enikkere ishtam ennu parayunnathil enthu yukthi….allengil prenayathinethinu yukthi alle…..!!!!

  3. Rahul January 2, 2013 at 12:23 PM #

    സൂചിമുനയിലെന്റെ ചോര പൊടിയുന്നു.
    എങ്കിലും നീ എന്നെ തലോടണം

    മഞ്ഞുകട്ടയിലെന്റെ മനസ്സിടിയുന്നു.
    എങ്കിലും നെഞ്ചിലെന്നെ ചേര്‍ത്ത് വയ്ക്കണം

    ഇഷ്ടം ചവര്‍ക്കുന്നു
    എങ്കിലും ചുണ്ടുകള്‍ എന്റെ ചുണ്ടോടമാര്‍ത്തണം

    കാരണം നിന്നെ എനിക്കേറെ ഏറെ ഇഷ്ടം

  4. Madhu Ottappalam M January 2, 2013 at 11:29 PM #

    മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍

    ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..

    പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ

    തിരികളുണ്ടാത്മാവിനുള്ളില്‍….

  5. Binoy January 14, 2013 at 1:11 AM #

    നിന്നെ തലോടുമ്പോള്‍ വിരലുകളില്‍ പ്രണയം ജനിക്കുന്നു ..

    നെഞ്ചില്‍ മിടിപ്പുനരുന്നു

    മരവിച്ച ചുണ്ടുകള്‍ രക്തവര്‍ണം അണിയുന്നു..

    ഇടറിയ കണ്ഠം പ്രണയ ഗീതങ്ങള്‍ പാടാന്‍ കൊതിക്കുന്നു..

    കണ്ടില്ലെന്നു നടിക്കല്ലേ..

    ഈ ശരീരത്തില്‍ പ്രണയം മാത്രമേ ഉള്ളൂ..

    പ്രജ്ഞ നിന്നോടോപ്പമാണ്

Leave a reply to Binoy Cancel reply